കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പൂർത്തിയാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്ന് ആദ്യ മദർഷിപ്പ് എത്തി. SFL കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതും ഡെന്മാർക്കിലെ Maersk- (AP Moller Group) ചാർട്ടേഡ് ചെയ്തത ആദ്യത്തെ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാണ്ടോ’ രാവിലെ 7 മണിയോടെ തുറമുഖത്തിൻ്റെ ഔട്ടർ ഏരിയയിൽ എത്തി, പിന്നീട് 9:50 ഓടെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
നാളെ രാവിലെ 10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്ക് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായിരിക്കും.
“കേരളത്തിൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. കേരളത്തിൻ്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണ്. സാൻ ഫെർണാണ്ടോ എന്ന കപ്പൽ പുറംകടലിൽ എത്തി. നാളെ രാവിലെ സാൻ ഫെർണാണ്ടോയ്ക്ക് കേരളത്തിന് വേണ്ടി ഞങ്ങൾ ഔദ്യോഗിക സ്വീകരണം നൽകും,” അദ്ദേഹം പറഞ്ഞു.
ഈ തുറമുഖം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസിൻ്റെ കേന്ദ്രമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം എന്നീ മേഖലകളിലെ വൻ വികസനത്തിനും അതുവഴി സംസ്ഥാനത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം ഒരു മുതൽക്കൂട്ടാകും. ഇത് യാഥാർത്ഥ്യമാക്കാൻ സർക്കാരും ജനങ്ങളും ഒന്നിക്കുന്ന സ്വപ്നമാണ്,” അദ്ദേഹം പങ്കുവെച്ചു.
തുറമുഖത്തിൻ്റെ ഭാഗമായി 5000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിൻ്റെ കരാർ ഒപ്പിട്ടത് 2015 ഓഗസ്റ്റ് 17-നായിരുന്നു. അതേ വർഷം ഡിസംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 8867 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന് ആകെയുള്ള നിക്ഷേപം. ഇതിൽ 5595 കോടി സംസ്ഥാന സർക്കാരും 818 കോടി കേന്ദ്ര സർക്കാരും ബാക്കി അദാനി ഗ്രൂപ്പുമാണ് വഹിക്കുന്നത്.
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമായി വിഴിഞ്ഞം മാറി. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ എംഎസ്സിയുടെ ഏറ്റവും വലിയ കപ്പലാണ് വിഴിഞ്ഞത്ത് ഇന്നെത്തുന്നത്. ലേകത്തിലെ ഏത് തുറമുഖത്തേയും വെല്ലുവിളിക്കാൻ ശേഷിയുള്ള തുറമുഖത്തിന് 20 മീറ്റർ ആഴമാണുള്ളത്. ഏത് പടുകൂറ്റൻ കപ്പലിലും ഇവിടേയ്ക്കെത്തി നങ്കൂരമിടാൻ സാധിക്കും.